സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
1 ദിനവൃത്താന്തം 15

Notes

No Verse Added

1 ദിനവൃത്താന്തം 15

1
അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
2
അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
3
അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.
4
ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
5
കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
6
മെരാർയ്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
7
ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
8
എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
9
ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
10
ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.
11
ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവു, യോവേൽ, ശെമയ്യാവു, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:
12
നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ.
13
ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
14
അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
15
ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.
16
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.
17
അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാർയ്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖർയ്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽ കാവൽക്കാരായും നിയമിച്ചു.
19
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
20
സെഖർയ്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
21
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
22
വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.
23
ബേരെഖ്യാവും എൽക്കാനയും പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നു.
24
ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖർയ്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നു.
25
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
26
യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യർക്കു ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
27
ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
28
അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂർയ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
29
എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു
×

Alert

×

malayalam Letters Keypad References